അഹല്യ
രചന: നീലിമ
അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
ആ ദാശരഥിതൻ പദചുംബനം
ചുറ്റും ചുറ്റിപ്പടർന്നൊരാവല്ലികൾ
നിൻ ശിലാമേനിയിൽ പൂവ് ചാർത്തീടവേ,
ബലിക്കാക്കയെവിടെയോ
ആറ്റിന്റെ തീരത്തിലന്നം പെറുക്കി തിരിച്ചെത്തീടവേ
കാർകൂന്തൽ മാരീയെ തഴുകി തലോടി നിൻ
മെയ്യിലേക്കൊരു കൺ നീർത്തുള്ളിയെറിയവേ
വേദേതിഹാസങ്ങൾ ചൂടാൻ മറന്നൊരു പൂവായ് നീയിന്ന് വാടിക്കൊഴിയവേ
അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
ആ ദാശരഥിതൻ പദചുംബനം.
നിന്റെ മക്കൾ ഇന്നിവിടെ കോലായിൽ
ഒരു ശാപജന്മമായി മാറിടുമ്പോൾ
കാലം വെറുത്തൊരു കറയായി മാറിയ
സംസ്കാര നന്മയെ ചൊല്ലിക്കരയുമ്പോൾ
പൂക്കുന്ന പൂവുകൾ പൂമണം തൂകാതെ
പാദത്തിനടിയിൽ ഞെരിഞ്ഞമർന്നീടുമ്പോൾ
സ്വന്തം വിധിയെ പഴിച്ചു നീ പിന്നെയും ഒരു മാനശിലയായ് മാറീടുന്നോ ?
നിന്റെ മൂർദ്ധാവിലെ സിന്ദൂരപ്പൊട്ടുകൾ
നിൻ വിയർപ്പാലത് ചോരയായ് തീർന്നുവോ
ചുറ്റുമൊരായിരം വലനെയ്ത് കൂട്ടിയവർ
രാജദേവേന്ദ്രനെപ്പോലെ ചിരിക്കുന്നു
ഗോപുരം കെട്ടിപ്പടുക്കുവാൻ ശിലയായ് മാറിയതും നിന്റെ കാരുണ്യമല്ലേ !
മൗനശില പോലും വാചാലമാകേണം
നിന്റെ പുനർജനിതൻ വാക്കായി മാറുവാൻ
നിർമ്മല തുമ്പയെ വേണ്ടിവിടെയാർക്കും
വേണ്ടതോ റോസാദളത്തെയല്ലോ!
എങ്കിലും നീയിന്ന് കാണുന്നോ സ്വപ്നം
ആ ദാശരഥിതൻ പദചുംബനം
പേടമാൻ മിഴി പോലെ നിന്റെ നയനങ്ങളെ
കവികൾ വാഴ്ത്തി പാടിടുന്നു
രാത്രിയുടെ അന്ത്യയാമങ്ങളിൽ കണ്ണീരിൽ
ആ പേടമാൻമിഴി മുങ്ങിക്കിടക്കവേ,
ഒരു സിംഹഗർജ്ജനം......
ഒരു സിംഹഗർജനം, കാമ ജ്വരത്തിന്റെ
തീയുമായ് തുലീക നിന്നെ കുറിക്കുന്നു.
വീണ്ടും സ്തുതി പാടും നിന്റെ തനുവടികൾക്ക്.
നിന്റെ ശബ്ദത്തിനും, നിന്റെ നാമത്തിനും
പേരറിയാത്തൊരു കണ്ണീരിനൊപ്പം നീ
കാണുന്നോ സ്വപ്നമിന്നെന്നും പുലരുമ്പോൾ
അഹല്യ !....
അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
ദാശരഥിതൻ പദചുംബനം
ചുറ്റും ...

Comments
Post a Comment